ലുധിയാന (Ludhiyana) : 85 വയസുള്ള വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിച്ച യുവാവും ഭാര്യയും അറസ്റ്റില്‍. (A young man and his wife have been arrested for brutally beating an 85-year-old woman.) പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധ മാതാവിന് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്.
മകന്‍ ജസ്‍വീര്‍ സിങിനും ഭാര്യ ഗുര്‍പ്രീത് സിങിനുമൊപ്പമാണ് 85 കാരിയായ ഗുര്‍നാം കൗര്‍ താമസിച്ചിരുന്നത്. ഇവരുടെ മകള്‍ ഹര്‍പ്രീത് കൗര്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. ഏപ്രില്‍ ഒന്നിന് തന്‍റെ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് സിസിടിവി യിലൂടെയാണ് സഹോദരന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഹര്‍പ്രീത് കാണാനിടയായത്. കിടക്കയില്‍ ഇരിക്കുകയായിരുന്ന വൃദ്ധയുടെ മുഖത്ത് മകന്‍ തുടര്‍ച്ചയായി അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ദൃശ്യങ്ങള്‍ കണ്ട മകള്‍ അസ്വസ്ഥയാവുകയും ഉടനടി നാട്ടിലുള്ള ഒരു എന്‍ജിഒ യുമായി ബന്ധപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ എന്‍ജിഒ അംഗങ്ങള്‍ അമ്മയെ ആശുപത്രിയിലെത്തിച്ചു. പൊലീസിന് നല്‍കിയ മൊഴിയില്‍ വൃദ്ധ മാതാവ് പറയുന്നത് മകനും ഭാര്യയും തന്നെ കാലങ്ങളായി ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ്. തുടര്‍ന്ന് മകനേയും മരുമകളേയും പൊലീസ് അറസ്റ്റ് ചെയ്തു.