മുംബൈ (Mumbai) : മഹാരാഷ്ട്രയിലെ കാണ്ടിവ്‌ലിയിൽ മറാഠി നടി (Marathi actress in Kandivli, Maharashtra) സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. നടി ഊർമിള കോത്താരെ സഞ്ചരിച്ചിരുന്ന കാറാണ് തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചത്. ഇരുവരുടെയും ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കാർ ഡ്രൈവർക്കും നടിക്കും പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ നടി ഊർമിള കോത്താരെ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് പോയിസർ മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികളെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു. ഊർമിളയ്ക്ക് നിസാര പരുക്കേറ്റു. കൃത്യസമയത്ത് കാറിന്റെ എയർബാഗ് തുറന്നതിനാലാണ് ഊർമിളയുടെ ജീവൻ രക്ഷിക്കാനായത്. അശ്രദ്ധയോടെ വാഹനമോടിക്കുക, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തു