ഉത്തർപ്രദേശ് (Uthar Pradesh) : മഹാ കുംഭമേളയോടെ ലോകപ്രശസ്തമായ പ്രയാഗ്‍രാജ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിന്‍റെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് വിവാഹം നടത്തുന്നത്. കുടുംബത്തിന് തുടര്‍ച്ചയുണ്ടാകുമ്പോഴാണ് സമൂഹത്തിനും രാജ്യത്തിനും പുതിയ തലമുറകൾ സൃഷ്ടിക്കപ്പെടുന്നത്. പുതിയ തലമുറ ഇത്തരം കാര്യങ്ങളില്‍ കൂറെ കൂടി പ്ലാനിംഗിലാണ്. വിവാഹത്തിന് മുമ്പ് തന്നെ എത്ര കാലം കഴിഞ്ഞ് എത്ര കുട്ടികൾ വരെയാകാം എന്ന കാര്യത്തില്‍ വധുവും വരനും ഒരു തീരുമാനത്തിലെത്തുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചാല്‍ ? അതെ അത്തരമൊരു അവസ്ഥയില്‍ കുഞ്ഞ് തന്‍റെതല്ലെന്ന് പറഞ്ഞ് വാവിട്ട് കരയുകയാണ് യുപിയിലെ ഒരു യുവാവ്.
ഫെബ്രുവരി 24 ന് ജസ്ര ഗ്രാമത്തിൽ വലിയ ആഘോഷമായിട്ട് നടത്തിയ വിവാഹമായിരുന്നു അത്. രാത്രി ഏറെ വൈകിയും ആഘോഷങ്ങൾ നീണ്ടു. എങ്കിലും പിറ്റേന്ന് രാവിലെ തന്നെ വരനും വധുവും വരന്‍റെ കുടുംബത്തേക്ക് മടങ്ങി. പിറ്റേന്ന് വധു തന്നെയാണ് അതിഥികൾക്ക് ചായ കൊടുക്കാനായി ഓടി നടന്നത്. എന്നാല്‍ വൈകീട്ടോടെ തനിക്ക് വയറ് വേദനിക്കുന്നെന്ന് പറഞ്ഞ് വധു കരയാന്‍ തുടങ്ങി. നാട്ടുമരുന്നുകളിലൊന്നും വേദന നില്‍ക്കാത്തതിനാല്‍ ഒടുവില്‍ വീട്ടുകാര്‍ വധുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
പരിശോധനയിൽ യുവതി ഗർഭിണിയാണെന്നും ഉടൻ പ്രസവം ആവശ്യമാണെന്നും ഡോക്ടർമാർ വരന്‍റെ വീട്ടുകാരോട് പറഞ്ഞു. ഞെട്ടിപ്പോയ കുടുംബം ആശുപത്രി അധികൃതർ നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞതും യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. കുടുംബത്തിലേക്ക് ആദ്യമായി എത്തിയ കുഞ്ഞാണെങ്കിലും അവിടെ സന്തോഷത്തിന് പകരം ദുഖം തളം കെട്ടി. ആഘോഷത്തിന് പകരം വീട് ശോകമൂകമായി. ഇതിനിടെ വധുവിന്‍റെ കുടംബം അവിഹിത ഗര്‍ഭം മറച്ച് വച്ചെന്ന് ആരോപിച്ച് വരന്‍റെ ബന്ധുക്കൾ പ്രശ്നം തുടങ്ങിയിരുന്നു. ഇതിനൊടുവില്‍ വരന്‍റെയും വധുവിന്‍റെയും അമ്മമാര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.