ന്യൂഡല്‍ഹി: രാജ്യത്ത് ഗുരുതര സൈബര്‍ വീഴ്ച. പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചാനലില്‍ ഇപ്പോള്‍ എക്സ്ആര്‍പി എന്ന ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
‘Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION’ എന്ന പേരില്‍ ഒരു തത്സമയ സ്ട്രീമിങ് വീഡിയോയും ചാനലില്‍ ഉണ്ട്. സാധാരണ കോടതി നടപടികളാണ് ഈ ചാനലില്‍ തത്സമയം നല്‍കിയിരുന്നത്. ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സൈബര്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം വ്യാജ സുപ്രീംകോടതി വെബ്സൈറ്റ് ഉപയോഗിച്ചുള്ള ഫിഷിങ് ആക്രമണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിന് മുമ്പ് അഭിഭാഷകര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പുറത്തിറക്കിയിരുന്നു.