അലഹബാദ് ഹൈക്കോടതിയുടെ വിവാദവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളി അഴിക്കുന്നതും പീഡനമോ പീഡനശ്രമമോ ആയി കണക്കാക്കാന്‍ ആവില്ലെന്ന അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് റാംമനോഹര്‍ നാരായണ്‍ മിശ്രയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു.
ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിനും യു.പി സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് കോടതി നടപടി. അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹര്‍ നാരായണ്‍ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്.
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവന്‍, ആകാശ് എന്നിവരാണ് കേസിലെ പ്രതികള്‍.
ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാള്‍ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.ഈ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കീഴ്‌കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം.