ബലാല്‍സംഗശ്രമക്കേസില്‍ വിവാദ നിരീക്ഷണം നടത്തിയ അലഹബാദ് ഹൈക്കോടതിയുടെ നടപടിയില്‍ ഇടപെടാതെ സുപ്രീംകോടതി. പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാല്‍സംഗമോ, ബലാല്‍സംഗ ശ്രമമോ ആയി പരിഗണിക്കാനാവില്ലെന്നാണ് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ നിരീക്ഷിച്ചിരുന്നത്. ഇതിനെതിരായ ഹര്‍ജികളിലാണ് ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചത്. ഹര്‍ജികള്‍ കോടതി തളളി.
2021ലാണ് കേസിനടിസ്ഥാനമായ സംഭവം നടക്കുന്നത്. പവന്‍, ആകാശ് എന്നീ യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതാണ് കേസ്. കേസിലെ കീഴ്ക്കോടതിയുടെ സമന്‍സിനെ ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ പെണ്‍കുട്ടിയുടെ മാറിടങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അടിവസ്ത്രം അഴിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. വഴിയാത്രക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വഴിയാത്രക്കാര്‍ കേസില്‍ സാക്ഷി പറയാനുമെത്തി.