വസ്ത്രധാരണത്തിന്റെ പേരില്‍ വിമാനത്തില്‍നിന്നും പുറത്താക്കിയെന്ന് ആരോപണവുമായി യുവതികള്‍. ലൊസാഞ്ചല്‍സില്‍ നിന്ന് ന്യൂ ഓര്‍ലിയാന്‍സിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നാണ് സുഹൃത്തുക്കളായ താരാ കെഹിഡിയെയും തെരേസ അരൗജോയെയും ജീവനക്കാര്‍ പുറത്താക്കിയത്. ഇരുവരും ക്രോപ് ടോപ്പുകള്‍ ധരിച്ചതാണ് കാരണമായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയത്.
ക്രോപ് ടോപ്പിനു മുകളില്‍ സ്വെറ്ററുകള്‍ ധരിച്ചാണ് യുവതികള്‍ വിമാനത്തിനകത്ത് കയറിയത്. എന്നാല്‍, വിമാനത്തിന് അകത്ത് എസി ഇല്ലാതിരുന്നതിനാല്‍ സ്വെറ്ററുകള്‍ ഊരി മാറ്റി. ഇതോടെയാണ് ക്രോപ് ടോപ് കാണാനായത്. ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് യുവതികളുടെ അടുത്തേക്ക് എത്തുകയും ക്രോപ് ടോപ്പിനു മുകളില്‍ എന്തെങ്കിലും ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഡ്രസ് കോഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അറ്റന്‍ഡര്‍ ഒന്നും മിണ്ടാതെ പോയി. യുവതികള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാതെയാണ് വിമാനത്തില്‍നിന്നും ഇറക്കി വിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതികള്‍ വിമാനത്തില്‍നിന്നും ഇറങ്ങി പോകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു യാത്രക്കാര്‍ ഇടപെട്ടെങ്കിലും പോലീസിനെ വിളിക്കുമെന്ന് സൂപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഞങ്ങള്‍ ക്രോപ് ടോപ്പുകളാണ് ധരിച്ചിരുന്നത്. വയറിന്റെ ചെറിയൊരു ഭാഗം കാണാമായിരുന്നുവെന്ന് യുവതികളിലൊരാളായ കെഹിഡി പറഞ്ഞു. മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് റീബുക്ക് ചെയ്യാമെന്ന് സൂപ്പര്‍വൈസര്‍ പറഞ്ഞുവെങ്കിലും പിന്നീട് ഫ്‌ലൈറ്റുകള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചതായി അരൗജോ പറഞ്ഞു. ക്രിമിനലുകളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് യുവതികള്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഇത് ഭയാനകമായൊരു അവസ്ഥയാണ്. ഒരു പുരുഷ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന് ഞങ്ങളുടെ വസ്ത്രം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 2024 ല്‍ ഒരു വിമാനത്തില്‍നിന്നും ഞങ്ങളെ പുറത്താക്കി. ഇത് വിവേചനപരമാണെന്നും സ്ത്രീവിരുദ്ധതയാണെന്നും ഞങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന എല്ലാവരും സമ്മതിച്ചു,” അരൗജോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.