ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തലവേദനയായി ഡോ. ഷമ മുഹമ്മദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് .ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയെ കുറിച്ചിട്ട സോഷ്യല്‍ മീഡിയാ പോസ്റ്റാണ് വിവാദമായത്. രോഹിത് ശര്‍മയെ അമിതവണ്ണമുള്ളയാള്‍ എന്ന് വിശേഷിപ്പിച്ച ഷമ, മികച്ച ക്യാപ്റ്റനല്ല അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ പരാമര്‍ശം. ഷമയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി ബി.ജെ.പി. വക്താവ് ഷെഹ്‌സാദ് പൂനെവാല ഉള്‍പ്പെടെ പലരും പ്രതികരണവുമായെത്തി.
‘ഒരു കായികതാരം എന്ന നിലയില്‍ രോഹിത് ശര്‍മ്മയ്ക്ക് വണ്ണം കൂടുതലാണ്. ശരീരഭാരം കുറയ്ക്കണം. തീര്‍ച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മതിപ്പുളവാക്കാത്ത ക്യാപ്റ്റന്‍’ – ഷമ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. പിന്നാലെ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. ഷമ മുഹമ്മദിനെ പിന്തുണച്ചും എതിര്‍ത്തും പലരും കമന്റുകള്‍ നിറഞ്ഞു.
പിന്നാലെ പ്രതികരണവുമായി ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാലയും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 90 തിരഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്ക് രോഹിതിനെ ‘മതിപ്പുളവാക്കാത്ത ക്യാപ്റ്റന്‍’ എന്ന് വിളിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പൂനെവാല കോണ്‍ഗ്രസിനെ പരിഹസിച്ചു. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഷമ മുഹമ്മദിനെതിരെ ഉയരുന്നത്. ഇതോടെ വിഷയത്തില്‍ ക്ഷമപണവും നടത്തി ഷമ. വിവാദ പോസ്റ്റ് പിന്‍വലിച്ചു.