ന്യൂഡൽഹി: വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി കോൺഗ്രസ് എം.പി ശശി തരൂർ. ഇതിന്റെ ശുപാർശലോക്സഭാ സ്പീക്കർക്ക് കോൺഗ്രസ് നൽകി. ചരൺജിത് സിങ് ഛന്നി കൃഷിമന്ത്രാലയത്തിന്‍റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷനാകും. ലോക്സഭയിൽ മൂന്ന് സ്റ്റാന്‍റിങ് കമ്മിറ്റികളുടെ അധ്യക്ഷ പദവിയാണ് കോൺഗ്രസിന് നൽകാൻ ധാരണയായത്. പാർട്ടി എം.പിമാരുടെ എണ്ണം നൂറിനടുത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.
വിദേശകാര്യത്തിനും കൃഷിക്കും പുറമെ ഗ്രാമവികസന സ്റ്റാന്‍റിങ് കമ്മിറ്റിയും കോൺഗ്രസിനു ലഭിക്കും. രാജ്യസഭയിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ സ്റ്റാന്‍റിങ് കമ്മിറ്റിയും കോൺഗ്രസിനു ലഭിക്കും. ഒന്നാം മോദി സർക്കാറിന്‍റെ തുടക്ക കാലത്ത് ശശി തരൂർ വിദേശകാര്യ സ്റ്റാന്‍റിങ് കമ്മിറ്റിക്ക് നേതൃത്വം നൽകിയിരുന്നു. പിന്നീട് ഐ.ടി മന്ത്രാലയത്തിന്‍റെയും രാസവള മന്ത്രാലയത്തിന്‍റെയും ചുമതല നൽകിയിരുന്നു. കോൺഗ്രസിൽ അവഗണന നേരിടുന്നുവെന്നും തരൂർ ബി.ജെ.പിയിലേക്ക് പോകുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് അദ്ദേഹത്തിന്‍റെ പേര് നിർദേശിക്കുന്നത്.