ഹൈദരാബാദില്‍ ടെന്നിസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങന്നതായി റിപ്പോര്‍ട്ട്. ഗോവ, തെലങ്കാന, യുപി, ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നീ നാല് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സാനിയുടെ പേരും നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സാനിയ മിര്‍സയുടെ ജനപ്രീതിയും സെലിബ്രിറ്റി പദവിയും നേട്ടമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയ മിര്‍സയുടെ പേര് മുന്നോട്ട് വെച്ചത്. ക്രിക്കറ്റ് താരത്തിന്റെ മകന്‍ മുഹമ്മദ് അസദ്ദുദീന്‍ സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
എഐഎംഐഎമ്മിന്റെ ശക്തികേന്ദ്രമാണ് ഹൈദരാബാദ്. 1984-ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി ഹൈദരാബാദ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും പിന്നീട് 1989 മുതല്‍ 1999 വരെ എഐഎംഐഎം സ്ഥാനാര്‍ത്ഥിയായും വിജയിച്ചു. ഒവൈസിയെ അട്ടിമറിച്ച് ജയം നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.