ന്യൂഡൽഹി (Newdelhi) : ഓണ്‍ലൈനിൽ ഉറക്ക ഗുളികകൾ വാങ്ങാൻ ശ്രമിച്ച 62 വയസ്സുകാരിയായ മുൻ അധ്യാപികയ്ക്ക് 77 ലക്ഷം രൂപ നഷ്ടമായി. ദില്ലിയിലെ വസന്ത് കുഞ്ചിലാണ് അധ്യാപിക ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിന് ഇരയായത്. 2024 ഓഗസ്റ്റിലാണ് ഈ തട്ടിപ്പിന്‍റെ തുടക്കം. എല്ലാ മാസവും കഴിക്കാറുള്ള മരുന്ന് ഓണ്‍ലൈനായി ഓർഡർ ചെയ്തതിന് പിന്നാലെ അധ്യാപികയെ തേടി ഒരു കോൾ വന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസറാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്.
നിയമ വിരുദ്ധമായ മരുന്നുകളാണ് വാങ്ങിയതെന്നും മയക്കുമരുന്ന് വിതരണക്കാരിയാണെന്ന് സംശയമുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു. പരിഭ്രാന്തയായ അധ്യാപികയോട് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ പണം കൈമാറണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. മൂന്ന് ലക്ഷം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകി. 10 ദിവസത്തിന് ശേഷം മറ്റൊരു കോൾ വന്നു. ഇത്തവണയും എൻസിബി ഓഫീസറാണെന്ന് അവകാശപ്പെട്ടാണ് ഒരാൾ വിളിച്ചത്.
നിരപരാധിത്വം തെളിയിക്കാനും പണം തിരികെ ലഭിക്കാനും സഹായിക്കാമെന്ന് ഉറപ്പ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ 20,000 രൂപ അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചു, ഇത് തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിന്‍റെ ആദ്യത്തെ സൂചനയാണെന്ന് അധ്യാപിക കരുതി. ഇതോടെ അവർ വിളിച്ചയാളെ വിശ്വസിച്ചു. പിന്നീട് നാല് പേർ വീഡിയോ കോൾ ചെയ്തു. ‘ഉദ്യോഗസ്ഥർ’ കമ്പ്യൂട്ടറിന്‍റെ സ്ക്രീൻ ഷെയർ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആവശ്യപ്പെട്ടു. അതിനുശേഷം പണമെല്ലാം തിരികെ നൽകാമെന്ന് പറഞ്ഞു.
നെറ്റ് ബാങ്കിംഗ് തുറന്നതോടെ ലക്ഷങ്ങൾ വളരെ വേഗം പിൻവലിക്കപ്പെട്ടു. തിരിച്ചു വിളിച്ചപ്പോൾ ‘ഓഫീസർ’മാരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 2024 സെപ്റ്റംബർ 24-ന് അധ്യാപിക ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് വിഭാഗത്തിൽ പരാതി നൽകി. എസിപി മനോജ് കുമാറിന്‍റെയും സബ് ഇൻസ്പെക്ടർ കരംവീറിന്റെയും നേതൃത്വത്തിലുള്ള സംഘം ഡിജിറ്റൽ അറസ്റ്റ് കേസിൽ അന്വേഷണം തുടങ്ങി.
ഒമ്പത് മാസങ്ങൾക്ക് ശേഷം 2025 ജൂൺ 24-ന് പ്രതികളിൽ ഒരാളായ അഖിലേഷിനെ ദില്ലിയിലെ മുഖർജി നഗറിലെ വാടക ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. അംജദ്, ഷാഹിദ്, ഷക്കീൽ എന്നീ കൂട്ടാളികളോടൊപ്പം അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മാറ്റിയെന്ന് അഖിലേഷ് കുറ്റസമ്മതം നടത്തി. ഇതുവരെ അധ്യാപികയ്ക്ക് മൂന്ന് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. പണം കൈമാറ്റം ചെയ്യപ്പെട്ട നിരവധി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതിന്‍റെ തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണ്.