ന്യൂഡല്‍ഹി (Newdelhi) : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശപര്യടനം മാറ്റിവച്ചു. (Prime Minister Narendra Modi has postponed his foreign trip amid the ongoing India-Pakistan conflict.) ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ സന്ദര്‍ശനങ്ങളാണ് മാറ്റിവെച്ചത്.
മെയ് 13 മുതല്‍ 17 വരെയാണ് പര്യടനങ്ങള്‍ നിശ്ചയിച്ചിരുന്നത്. അതേസമയം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു. പ്രതിരോധ-ആഭ്യന്തര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
പഹല്‍ഗാം ഭീകരാക്രണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. 25 മിനുട്ടിനുള്ളില്‍ 24 മിസൈലുകള്‍ വര്‍ഷിച്ചാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ച് നശിപ്പിച്ചത്.
ആക്രമണത്തില്‍ 70 ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് 7 ന് പുലര്‍ച്ചെ 1:05 മുതല്‍ പുലര്‍ച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ കര, നാവിക, വ്യോമസേന എന്നിവ സംയുക്തമായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തിലാണ് നടത്തിയത്.
രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നോര്‍ത്ത്- സൗത്ത് ബ്ലോക്കുകളുടെ സുരക്ഷാചുമതല സൈന്യം ഏറ്റെടുത്തു. അര്‍ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരികെ വിളിപ്പിച്ചിട്ടുണ്ട്.