തിരുവനന്തപുരം (Thiruvananthapuram) : ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് രാഷ്‌ട്രപതിയുടെ റദ്ദാക്കിയ ശബരിമല സന്ദര്‍ശനം പുനര്‍ക്രമീകരിച്ചു. (The President’s cancelled Sabarimala visit has been rescheduled following the India-Pakistan conflict.) ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് മുന്‍പ് നിശ്ചയിച്ചിരുന്ന പോലെ തന്നെ രാഷ്‌ട്രപതിയുടെ ശബരിമല സന്ദര്‍ശനം നടത്താന്‍ രാഷ്‌ട്രപതി ഭവന്‍ തീരുമാനിച്ചത്. മുന്‍നിശ്ചയിച്ച പ്രകാരം മെയ് 19 ന് തന്നെ രാഷ്ട്രപതി ശബരിമലയിലെത്തും.
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് മെയ് 19 ന് നിശ്ചയിച്ചിരുന്ന ശബരിമല സന്ദര്‍ശനം രാഷ്‌ട്രപതി ഒഴിവാക്കിയത്. ഇക്കാര്യം രാഷ്ട്രപതി ഭവന്‍ ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. നേരത്തെ രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ചു സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മെയ് 18 ന് സംസ്ഥാനത്തെത്തി 19 ന് സന്ദര്‍ശനം നടത്തി മടങ്ങാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതു കണക്കിലെടുത്ത് 18-19 തീയതികളില്‍ ശബരിമല വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഒഴിവാക്കുകയും ഭക്തര്‍ക്ക് സന്ദര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കിയതോടെ വെര്‍ച്വല്‍ ക്യു ഈ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നതാണ്. രാഷ്ട്രപതി വീണ്ടുമെത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യു ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനെത്തുന്നത്. മെയ് 18 ന് എത്തുന്ന രാഷ്ട്രപതി പാല സെന്‍റ് തോമസ് കോളജിലെ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കോട്ടയം കുമരകത്ത് രാത്രി തങ്ങുന്ന രാഷ്ട്രപതി മെയ് 19 ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം പമ്പയിലെത്തി കാല്‍നടയായി ശബരിമലയിലേക്കും പോകുമെന്നാണ് വിവരം.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സന്ദര്‍ശനം പുനര്‍ക്രമീകരിച്ചു തീരുമാനമായത്. ഇതിന്‍റെ ഭാഗമായി ഇന്‍റിലിജന്‍സും പൊലീസും സുരക്ഷാ ഓഡിറ്റും പൂര്‍ത്തിയാക്കിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ വ്യോമഗതാഗതത്തിനും വിവിഐപി യാത്രകള്‍ക്കും മുന്‍പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ യാത്ര റദ്ദാക്കിയതായി മെയ് 10 നായിരുന്നു ജില്ലാ കലക്‌ടര്‍ എസ്. പ്രേംകൃഷ്ണന് അറിയിപ്പ് ലഭിക്കുന്നത്.