സിസിടിവി ദൃശ്യങ്ങള്‍ വഴി ഗര്‍ഭിണികളുടെ പരിശോധന വീഡിയോ പ്രചരിപ്പിച്ചതില്‍ അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ പ്രചരിപ്പിച്ച വ്യക്തിയുടെ പേരോ, ആശുപത്രിയുടെ പേരോ എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലെ പതിവ് നിരീക്ഷണത്തിനിടയിലാണ് ഇത്തരം വിഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
യുട്യൂബിലൂടെയും, ടെലിഗ്രാമിലൂടെയുമാണ് വീഡിയോ പ്രചരിച്ചത്. അടച്ചിട്ട മുറിക്കുള്ളില്‍ ഡോക്ടര്‍മാര്‍ ഗര്‍ഭിണികളെ പരിശോധിക്കുകയും നഴ്സുമാര്‍ കുത്തിവയ്ക്കുകയും ചെയ്യുന്ന വിഡിയോകളാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതേ പോലെയുള്ള ഏഴ് വീഡിയോകളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കൂടതെ ടെലിഗ്രാം ലിങ്കും ചാനലിന്റെ താഴെ കൊടുത്തിട്ടുണ്ട്.
ടെലിഗ്രാം ഗ്രുപ്പില്‍ അംഗങ്ങളാകുന്നവരോട് ഇത്തരം വിഡിയോകള്‍ കാണുന്നതിന് നിശ്ചിത തുക അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണണ് പൊലീസിന് ലഭിച്ച വിവരം. ടെലിഗ്രാം ഗ്രുപ്പില്‍ 90 അംഗങ്ങളാണ് ഉള്ളത്. വിഡിയോകള്‍ എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ യൂട്യൂബിനോടും ടെലിഗ്രാമിനോടും ആവശ്യപ്പെട്ടതായി സൈബര്‍ ക്രൈം ഡിസിപി ലവീന സിന്‍ഹ അറിയിച്ചു.