ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ കനത്ത ആക്രമണം നടത്തിയത്. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
35 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞു. രണ്ടു പേരെ കാണാതായതായും പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് ഷരീഫ് അറിയിച്ചു. പാകിസ്താനിലെ എട്ട് പ്രദേശങ്ങളിലായി ഇന്ത്യ 24 ആക്രമണങ്ങള്‍ നടത്തിയതായി പാകിസ്താന്‍ ആരോപിച്ചു. അതേസമയം, പാകിസ്താനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്പതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.