ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനെ പിന്തുണച്ച ഏര രാജ്യമായ തുര്‍ക്കിക്ക് എതിരെ ഇന്ത്യന്‍ കമ്പനികള്‍. രാജ്യത്തിലെ ജനങ്ങളുടെ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് കൊണ്ട് തുര്‍ക്കി ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് ബഹിഷ്‌കരണം തുടരുകയാണ്. ഡ്രൈ ഫ്രൂട്സും മധുര പലഹാരങ്ങളും ഉള്‍പ്പെടെ ബഹിഷ്‌കരിക്കുന്നതായി രാജ്യത്തെ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഫാഷന്‍ രംഗത്തും ബഹിഷ്‌കരണം ആരംഭിച്ചിട്ടുണ്ട്.
തുര്‍ക്കി ബ്രാന്‍ഡുകളെ ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്ഫോമായ മിന്ത്രയും അജിയോയും ബഹിഷ്‌കരിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലെ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ഈ രണ്ട് ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്ഫോമുകളും നീക്കം ചെയ്തിട്ടുണ്ട്. ട്രെന്‍ഡിയോള്‍ എന്ന തുര്‍ക്കി ബ്രാന്‍ഡ് വില്‍ക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ് മിന്ത്ര.
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ തുര്‍ക്കിയുടെ പിന്തുണ വ്യക്തമായതിന് പിന്നാലെ മിന്ത്ര വെബ്സൈറ്റില്‍ നിന്ന് തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എല്ലാ തുര്‍ക്കി ഉത്പന്നങ്ങളും സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി ഇതോടകം മിന്ത്രയുടേയും അജിയോയുടേയും എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നു.