ചെന്നൈ (Chennai) : ഇനി റീല്‍സ് റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും വേണ്ട, പിടികൂടിയാല്‍ പിഴയടക്കേണ്ടിവരും. (No more reels at railway stations or tracks, if caught you will have to pay a fine.) റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്.
ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്.
റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ അധികൃതര്‍, റെയില്‍വെ പൊലീസ്, റെയില്‍വെ സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്, കൂടാതെ സിസിടിവി കാമറകള്‍ വഴിയുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് ഫോട്ടോയെടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ. മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രികരിക്കാന്‍ അനുമതിയില്ല.