ബീഹാറിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമായി, ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായിരുന്ന നിതീഷ് കുമാർ (Nithish Kumar)രാജിവച്ചു. രാജ്‌ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇനി എൻഡിഎക്കൊപ്പമായിരിക്കും നിതീഷിന്റെ രാഷ്ട്രീയം. ഇന്നുതന്നെ എൻഡിഎ(NDA) മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ രാജ്‌ഭവനിൽ ആരംഭിച്ചു.
നിതീഷ് കുമാർ എൻഡിഎയിൽ എത്തിയതോടെ ബീഹാറിൽ(Bihar) മഹാസഖ്യം വീണിരിക്കുകയാണ്. ബിജെപി-ജെഡിയു സഖ്യസർക്കാരാണ് അധികാരമേൽക്കുന്നത്. നിതീഷിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ (JP Nadha)പങ്കെടുക്കുമെന്നാണ് വിവരം. ഇതിനായി ബീഹാറിലേയ്ക്ക് തിരിച്ചിരിക്കുകയാണ്. അതേസമയം, ബീഹാർ കോൺഗ്രസിലും(Bihar Congress) ‘ഓപ്പറേഷൻ താമര’ നടന്നതായി സൂചനയുണ്ട്. ഒൻപത് എംഎൽഎമാരെ നേതൃത്വത്തിന് ബന്ധപ്പെടാനാവുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.താൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചെന്നും ഈ സർക്കാർ അവസാനിച്ചുവെന്നും രാജിക്ക് പിന്നാലെ നിതീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘എല്ലായിടത്തുനിന്നും എനിക്ക് നിർദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുതിയൊരു ബന്ധത്തിനായി ഞാൻ പഴയ സഖ്യത്തിൽ നിന്ന് പുറത്തുവന്നിരുന്നു. എന്നാൽ സാഹചര്യങ്ങൾ ശരിയായിരുന്നില്ല. അതുകൊണ്ടാണിപ്പോൾ രാജിവച്ചത്. പാർട്ടികളുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കും’ നിതീഷ് കുമാർ പ്രതികരിച്ചു. താനൊരു സഖ്യം രൂപീകരിച്ചെന്നും എന്നാൽ അതിൽ ആരും ഒന്നും പ്രവർത്തിക്കുന്നില്ലെന്നും ഇന്ത്യ സഖ്യത്തെ ലക്ഷ്യംവച്ച് നിതീഷ് കുമാർ പറഞ്ഞു.