ജയ്‌പൂർ: അമ്മ മരിച്ചപ്പോൾ ആഭരണങ്ങൾ മൂത്തസഹോദരൻ കൈവശപ്പെടുത്തിയെന്നാരോപിച്ച് അമ്മയുടെ സംസ്കാരം ഇളയമകൻ തടഞ്ഞു. (When his mother died, his younger son prevented her from burying her, alleging that her elder brother had taken possession of her jewelry.) ജയ്പൂരിൽ അടുത്തിടെ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജയ്പൂരിന് സമീപത്തെ വിരാട്‌നഗർ മേഖലയിലായിരുന്നു സംഭവം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നാണ് ചീതർ റെഗർ എന്ന എൺപതുകാരി മരിച്ചത്. മൂത്തമകനായ ഗിർധാരി ലാലാണ് അമ്മയെ അവസാനകാലത്ത് പരിചരിച്ചത്. സംസ്കാരത്തിനായി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ചീതറിന്റെ വെള്ളിയാഭരണങ്ങൾ മൂത്തമകൻ ഗിർധാരി ലാലിന് നൽകി.
അമ്മയെ അവസാനകാലത്ത് നന്നായി നോക്കിയതിനുള്ള പ്രതിഫലമെന്നനിലയിലായിരുന്നു ഇത്. അയാൾ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഇളയമകൻ ഓംപ്രകാശ് എതിർപ്പുമായി രംഗത്തെത്തി. അമ്മയുടെ ആഭരണങ്ങൾ തനിക്കും അവകാശപ്പെട്ടതാണെന്നായിരുന്നു അയാളുടെ വാദം. എന്നാൽ അമ്മയെ നോക്കിയത് ഗിർധാരിലാലായിരുന്നുവെന്നും അതിനാൽ ആഭരണങ്ങൾ മറ്റാർക്കും നൽകാനാവില്ലെന്ന് മറ്റുമക്കളും ബന്ധുക്കളും ഉറപ്പിച്ചുപറഞ്ഞു.
ഇതോടെ കടുത്ത പ്രതിഷേധവുമായി ഓംപ്രകാശ് ചിതയിൽ കയറി കിടക്കുകയായിരുന്നു. ആഭരണം തനിക്ക് നൽകാതെ സംസ്കാരത്തിന് സമ്മതിക്കില്ലെന്നും തന്റെ ആവശ്യം നിരസിച്ച് സംസ്കാരത്തിന് മുതിർന്നാൽ ആ ചിതയിൽ താൻ ജീവനൊടുക്കുമെന്നും അയാൾ ഭീഷണിമുഴക്കി. ഇതിനിടെ ചിലർ ബലംപ്രയോഗിച്ച് ഓംപ്രകാശിനെ മാറ്റാൻ ശ്രമിച്ചു. ഇതോടെ ചിതയിൽ താൻ ചാടുമെന്ന് വീണ്ടും അയാൾ ഭീഷണിമുഴക്കി.
ഒടുവിൽ ബന്ധുക്കൾ തമ്മിൽ ചർച്ച നടത്തി ആഭരണങ്ങൾ ഓംപ്രകാശിന് കൂടി നൽകാമെന്ന് സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് സംസ്കാരത്തിന് സമ്മതിച്ചത്. ഓംപ്രകാശും സഹാേദരങ്ങളും തമ്മിൽ ഏറെനാളായി സ്വത്തുതർക്കമുണ്ടായിരുന്നു. മറ്റ് ബന്ധുക്കളും സഹോദരങ്ങളുമായി സഹകരിക്കാതെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇയാൾ നയിച്ചിരുന്നത്.