ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉടമയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരബാദിലെ സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചികിത്സയിരിക്കുകയാണ് മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. 2016 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഈനാട് പത്രം, ഇടിവി നെറ്റ് വര്‍ക്ക് എന്നീ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ്.
1936 നവംബര്‍ 16 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപ്പരുപുടി ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കും ഫിലിം സ്റ്റുഡിയോയായ രാമോജി ഫിലിം സിറ്റിയും സ്ഥാപിച്ചു. മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഈനാട് ന്യൂസ്പേപ്പര്‍, ഇടിവി നെറ്റ്വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്സ്, കലാഞ്ജലി, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നിവയാണ് രാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍.
ഒരു മാധ്യമ ഉടമസ്ഥന്‍ എന്ന നിലയില്‍ തെലുങ്ക് രാഷ്ട്രീയത്തില്‍ രാമോജി റാവുവിന് അനിഷേധ്യമായ ആധിപത്യമുണ്ടായിരുന്നു. നിരവധി സംസ്ഥാന-ദേശീയ നേതാക്കള്‍ക്ക് രാമോജി റാവുവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിര്‍ണായക തീരുമാനങ്ങളില്‍ പലരും അദ്ദേഹത്തിന്റെ ഉപദേശം നേടി.. പത്രപ്രവര്‍ത്തനം, സാഹിത്യം, സിനിമ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അമൂല്യമായ സംഭാവനകള്‍ക്ക് 2016-ല്‍ രാമോജി റാവുവിനെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.
1984-ലെ സൂപ്പര്‍ഹിറ്റ് റൊമാന്റിക് സിനിമയായ ശ്രീവാരിക്കി പ്രേമലേഖയിലൂടെ രാമോജി റാവു ചലച്ചിത്ര നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുന്നത്. മയൂരി, പ്രതിഘാതന, മൗന പോരാട്ടം, മനസു മമത, ചിത്രം, നുവ്വേ കാവലി തുടങ്ങി നിരവധി ക്ലാസിക്കുകള്‍ അദ്ദേഹം നിര്‍മ്മിച്ചു. ദഗുഡുമൂത്ത ദണ്ഡാകോര്‍ (2015) ആണ് നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രം.