സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ‘കേരള സ്റ്റോറി’ ദൂരദര്‍ശനിലൂടെ ടെലിവിഷന്‍ പ്രീമിയറിന്. (Kerala Story Telecast in Doordarshan) ഏപ്രില്‍ 5 വെളളിയാഴ്ച രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യമെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്. പ്രസാര്‍ ഭാരതിയുടെ കീഴിലാണ് ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയതുമുതല്‍ വന്‍വിവാദവും ഉടലെടുത്തിരുന്നു. കേരളത്തിന്റെ കഥ നിങ്ങളിലേക്ക് എന്നാണ് ദൂരദര്‍ശന്‍ പരസ്യവാചകമായി ഉപയോഗിച്ചിരിക്കുന്നത്. സിനിമ മെയ് 5നാണ് റിലീസായത്. ഫെബ്രുവരി 16ന് ചിത്രം സീ 5ലൂടെ ഒടിടിയിലെത്തി.
കേരള സ്റ്റോറി സംപ്രേക്ഷണത്തിനെതിരെ മുഖ്യമന്ത്രിയും സിപിഎമ്മും
സിനിമയുടെ സംപ്രേക്ഷണത്തിനെതിരെ സിപിഎം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മിച്ച ചിത്രമാണ് ‘കേരള സ്റ്റോറി’യെന്നും സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.