ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭരണഘടനയോടുള്ള അപമാനമാണെന്ന് മുഖ്യമന്ത്രി തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു. (Chief Minister Pinarayi Vijayan has opposed the release of a special coin and stamp as part of the RSS centenary celebrations. The Chief Minister wrote in his ex-post that this is an insult to the Constitution.) 100 രൂപയുടെ പ്രത്യേക നാണയവും പ്രത്യേക സ്റ്റാമ്പുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയത്.
‘സ്റ്റാമ്പും 100 രൂപയുടെ കോയിനും കൊണ്ട് ആർഎസ്എസിനെ ആഘോഷിക്കുന്ന നടപടി നമ്മുടെ ഭരണഘടനയ്ക്ക് കൊടിയ അപമാനമാണ്. സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ച് കൊളോണിയൽ തന്ത്രവുമായി ഇഴുകിച്ചേന്ന ഒരു സംഘടനയെ ഈ നടപടി സാധൂകരിക്കുകയാണ്. നമ്മുടെ യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമ്മകൾക്കും മതേതര, ഏകീകൃത ഇന്ത്യക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഈ ബഹുമതി.’- പിണറായി വിജയൻ എക്സിൽ കുറിച്ചു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ശതാബ്ദി ആഘോഷങ്ങൾക്കിടെയാണ് പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് എന്നിവർക്കൊപ്പം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയ 100 രൂപ നാണയമാണ് ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയത്. ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് ഭാരതാംബയുടെ ചിത്രവുമാണ് നാണയത്തിലുള്ളത്. സ്വയം സേവകർ ഭാരതാംബയ്ക്ക് മുന്നിൽ പ്രണമിക്കുന്നതും കോയിനിലുണ്ട്. ഇതാദ്യമായാണ് ഇന്ത്യയുടെ കറൻസിയിലോ നാണയത്തിലോ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തുന്നത്.