രാമക്ഷേത്രത്തിന്റെ ബഹിരാകാശ ചിത്രങ്ങൾ പങ്കിട്ട് ഐഎസ്ആർഒ

Written by Web Desk1

Updated on:

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ബ​ഹിരാകാശാത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO ). തദ്ദേശീയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് കാണുന്ന ദൃശ്യങ്ങളാണ് ഐഎസ്ആർഒ പങ്കുവച്ചത്. 2.7 ഏക്കർ വിസ്തൃതിയുള്ള രാമക്ഷേത്രം പൂർണമായും ഇതിൽ കാണാൻ കഴിയും. കൂടാതെ ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇതിന്റെ വിപുലീകൃത കാഴ്ചയും ലഭിക്കുന്നു.

സാറ്റലൈറ്റ് ചിത്രങ്ങളിൽ ദശരഥ് മഹലും സരയു നദിയും വ്യക്തമായി കാണാം. പുതുതായി നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും കാണാം.ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലാണ് ചിത്രം പ്രോസസ് ചെയ്തത്. ക്ഷേത്രനിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ. 11.30 മുതൽ ചടങ്ങുകൾ തുടങ്ങും. 121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്. പത്ത് മണി മുതൽ മംഗളധ്വനി, രണ്ട് മണിക്കൂർ നീളുന്ന വാദ്യഘോഷത്തോടെയുള്ള സംഗീതാർച്ചന എന്നിവ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ അയോധ്യയിലെത്തും.

കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാനച്ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. വിവിധ പുണ്യതീർഥങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലമുപയോഗിച്ച് അഭിഷേകം നടന്നു. ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം പുലർച്ചെ ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങ് ‘അഭിജിത്ത്’ മുഹൂർത്തത്തിലാവും നടക്കുക. ചടങ്ങുകൾക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. 2.10-ന് പ്രധാനമന്ത്രി കുബേർതില സന്ദർശിക്കും. അമിത് ഷാ ബിർളാ മന്ദിർ സന്ദർശിക്കും.

See also  രാമക്ഷേത്ര മാതൃകയില്‍ നെക്ലേസ്

Leave a Comment