ഹിസാര്‍ (Hizar) : ഹരിയാനയില്‍ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹിസാര്‍ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. (A woman and her lover killed her husband in Haryana. The brutal murder took place in Hisar district.) പ്രവീണ്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ രവീണ (32), സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രവീണയും സുരേഷും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.
പരിചയപ്പെട്ടതിന് ശേഷം ഇരുവരും ഒരുമിച്ച് റീലുകള്‍ ചെയ്യാന്‍ ആരംഭിച്ചു. ഒന്നര വര്‍ഷത്തിലധികമായി രവീണയും സുരേഷും ഒരുമിച്ച് റീലുകളും വീഡിയോകളും ചെയ്യുന്നുണ്ട്. രവീണയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 34,000 ഫോളോവെർസാണുള്ളത്. എന്നാല്‍ സുരേഷിനോടൊപ്പം രവീണ റീലുകള്‍ ചെയ്യുന്നത് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഇഷ്ടമായിരുന്നില്ല. അവരുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് രണ്ടുപേരും വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഇതേച്ചൊല്ലി രവീണയും ഭര്‍ത്താവ് പ്രവീണും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്.
കൊലപാതകം നടന്ന ദിവസം രവീണ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും ഒരുമിച്ച് കണ്ടു. തുടര്‍ന്ന് പരസ്പരം പിടിവലിയുണ്ടായി. തുടര്‍ന്ന് രവീണയും കാമുകനും ചേര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറിക്കി പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നു. വൈകിയും പ്രവീണിനെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചു. എന്നാല്‍ തനിക്ക് അറിയില്ലെന്നാണ് രവീണ പറഞ്ഞത്. പിന്നീട് രാത്രി രണ്ട് മണിക്ക് രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിന്‍റെ മൃതശരീരം വീടിനടുത്തുള്ള ഓവുചാലില്‍ വലിച്ചെറിഞ്ഞു. ബൈക്കില്‍ നടുക്കിരുത്തിയാണ് മൃതശരീരം കൊണ്ടുപോയത്.
സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകിയ നിലയിലുള്ള മൃതശരീരം പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രവീണിനും രവീണയ്ക്കും ആറ് വയസ് പ്രായമുള്ള ഒരു മകന്‍ ഉണ്ട്. കുട്ടി ഇപ്പോള്‍ അച്ഛന്‍റെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്.