ന്യൂഡൽഹി (Newdelhi) : ഇന്ത്യ – പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. (Amid the escalating India-Pakistan tension, a high alert has been declared in Delhi.) നഗരത്തിലെ എല്ലാ സർക്കാർ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. ജമ്മു ഉൾപ്പെടെ അതിർത്തി പങ്കിടുന്ന നിരവധി പ്രദേശങ്ങൾ ഷെല്ലാക്രമണത്തിന് വിധേയമായതിന് പിന്നാലെയാണിത്.
യുദ്ധ സ്‌മാരകമായ ഇന്ത്യാ ഗേറ്റിലെത്തിയ സഞ്ചാരികളെയും അവിടുത്തെ കച്ചവടക്കാരെയും പ്രദേശത്തുള്ളവരെയുമെല്ലാം ഒഴിപ്പിക്കാൻ നിർദേശമുണ്ട്. സ്ഥലത്തെ ഗതാഗതവും നിയന്ത്രിച്ചു. പ്രദേശം വിട്ടുപോകണമെന്ന് എല്ലാ ജനങ്ങൾക്കും പൊലീസ് നിർദേശം നൽകി. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ആരോഗ്യ, ദുരന്ത നിവാരണത്തിനുവേണ്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റുകൾ അവരുടെ കീഴുദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.24 മണിക്കൂറും പൊലീസ് സേന സജീവമായിരിക്കും.
അപകടസാദ്ധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും അധികസേനയെ വിന്യസിച്ചു. രാത്രി ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഡൽഹി സർക്കാരിന്റെ സേവന വകുപ്പ് തങ്ങളുടെ ജീവനക്കാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അവധിയിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ വകുപ്പും എന്ത് സാഹചര്യവും നേരിടുന്നതിനും തയ്യാറായിരിക്കുന്നതിനായി പ്രത്യേക അവലോകന യോഗം നടന്നതായും വിവരമുണ്ട്.
ദ്രുത പ്രതികരണ സംവിധാനങ്ങളിലുണ്ടായിരുന്ന പോരായ്‌മകളെല്ലാം തിരിച്ചറിഞ്ഞ് ഉടനടി പരിഹരിച്ചിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിൽ അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ സോണുകളിലെയും പ്രത്യേക കമ്മീഷണർമാർ 15 ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.