ഭോപ്പാൽ (Bhoppal): മധ്യപ്രദേശിലെ ധാർ ജില്ലയിൽ സഹപാഠി 17 വയസ്സുള്ള വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. (A 17-year-old student was murdered by her classmate in Dhar district of Madhya Pradesh.) ഉമർബാൻ പോലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണിത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗിതേഷ് ഗാർഗ് പറഞ്ഞു.
അതേ സമയം മരിച്ച പെൺകുട്ടിയെ ഒരു സഹപാഠി ഏറെക്കാലമായി ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മരിച്ച പെൺകുട്ടി തന്നോട് സംസാരിക്കുന്നത് നിർത്തിയതിനെത്തുടർന്ന് അസ്വസ്ഥനായെന്നും ഇതേത്തുടന്നാണ് കൃത്യത്തിന് മുതിന്നതെന്നും ആൺകുട്ടി പറഞ്ഞതായി പൊലീസ് റിപ്പോർട്ട് ചെയ്തു.
വെളളിയാഴ്ച്ച രാത്രിയോടെ പെൺകുട്ടിയോട് വയലിൽ വച്ച് തന്നെ കാണണമെന്ന് ആൺകുട്ടി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സ്ഥലത്തെത്തിയ പെൺകുട്ടിയെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.