മണിപ്പൂർ പവർ സ്റ്റേഷനിൽ കനത്ത ഇന്ധന ചോർച്ച

Written by Web Desk1

Published on:

തീപിടുത്തം, അടിയന്തര നടപടിക്ക് സർക്കാർ ഉത്തരവിട്ടു

ഇംഫാൽ: മണിപ്പൂരിലെ ലീമാഖോങ് പവർ സ്റ്റേഷനിൽ വൻ ഇന്ധന ചോർച്ച. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിലൂടെ കടന്നുപോകുന്ന അരുവികളിലേക്കാണ് ഇന്ധനം ഒഴുകിയെത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചോർച്ചയെ തുടർന്ന് ചിലയിടങ്ങളിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.

ലെയ്‌മഖോംഗ് പവർ സ്റ്റേഷനിൽ നിന്നുള്ള കനത്ത ഇന്ധന ചോർച്ച കണ്ടോസബൽ, സെക്‌മായി തുടങ്ങിയ അരുവികളിലേക്കാണ് ഒഴുകിയത്. ഈ അരുവി ഖുർഖുൽ-ലോയ്താങ്-കമേംഗ്-ഇറോയിസെംബ-നംബുൾ വഴി ഒഴുകി താഴേക്ക് ഇംഫാൽ നദിയുമായി കൂട്ടിമുട്ടുന്നു. യന്ത്രങ്ങൾ, മനുഷ്യശേഷി, വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തി ഒരു പാരിസ്ഥിതിക ദുരന്തം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നുവെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. മണിപ്പൂർ പബ്ലിക് ഹെൽത്ത് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് (പിഎച്ച്ഇഡി) മന്ത്രി ലെയ്‌ഷാങ്‌തെം സുസിന്ദ്രോ മെയ്‌റ്റെയും വനം മന്ത്രി തോംഗം ബിശ്വജിത് സിംഗും ഇന്നലെ രാത്രി സംഭവസ്ഥലം സന്ദർശിച്ചിരുന്നു.

അതിനിടെ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും നാല് പേർ കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവരുന്നുണ്ട്. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘർഷം നടന്നത്. ബുധനാഴ്ച മണിപ്പൂരിൽ ബിഷ്ണുപൂർ ജില്ലയിൽ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ കുംബിക്കും തൗബൽ ജില്ലയിലെ വാങ്കൂവിനുമിടയിലാണ് വെടിവയ്പ്പ് നടന്നതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം വെടിവെപ്പ് നടന്ന പ്രദേശത്തിന് സമീപം നാലു പേരെ കാണാതായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വെടിവെപ്പ് നടന്ന സ്ഥലത്തിനു സമീപം ഇഞ്ചി വിളവെടുക്കാൻ പോയ നാലു പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവരെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.

Leave a Comment