ഉത്തർപ്രദേശ് ( Utharpradesh ) : ഗോരഖ്പൂരിൽ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ നിറച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. (A man has been arrested for killing his sister and stuffing her body in a sack in Gorakhpur.) മുപ്പത്തിരണ്ടുകാരനായ റാം ആശിഷ് നിഷാദ് ആണ് പിടിയിലായത്. പണ തർക്കത്തെ തുടർന്നാണ് തന്റെ 19 വയസ്സുള്ള സഹോദരി നീലത്തെ റാം കൊലപ്പെടുത്തിയത്. റോഡ് പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് ലഭിച്ച തുക സഹോദരിയുടെ വിവാഹത്തിന് ഉപയോഗിക്കുന്നതിൽ റാം അസ്വസ്ഥനായിരുന്നു.
തിങ്കളാഴ്ച, നീലത്തെ തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ ഒടിച്ചു. ശരീരം ഒരു ചാക്കിൽ തിരുകി, ബൈക്കിൽ കെട്ടി ഗോരഖ്പൂരിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള കുശിനഗറിലെ കരിമ്പിൻ തോട്ടത്തിൽ തള്ളാൻ തീരുമാനിച്ചു. എന്നാൽ യാത്രാമധ്യേ പോലീസ് റാമിനെ തടഞ്ഞുനിർത്തുകയും ചാക്കിൽ എന്താണുള്ളതെന്ന് ചോദിക്കുകയും ചെയ്തു. ഇതിൽ ഗോതമ്പാണെന്നാണ് അയാൾ മറുപടി നൽകിയത്.
തുടർന്ന് റാം കുശിനഗറിലേക്കുള്ള യാത്ര തുടർന്നു, അവിടെ നീലത്തിന്റെ മൃതദേഹം കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. മകളെ കാണാതായപ്പോൾ അച്ഛൻ ആദ്യം കരുതിയത് അവൾ ഛഠ് പൂജയ്ക്ക് പോയതാണെന്നാണ്. എന്നാൽ തിങ്കളാഴ്ച റാം വീട്ടിൽ നിന്ന് ഒരു ചാക്കുമായി പോകുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞതിനെത്തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ റാമിന്റെ കൈയിൽ ഒരു ചാക്കുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ, റാം ആദ്യം അജ്ഞത നടിച്ചെങ്കിലും പിന്നീട് കൊലപാതകം സമ്മതിച്ചു. നീലത്തിന്റെ അഴുകിയ മൃതദേഹം ബുധനാഴ്ച രാത്രി വയലിൽ നിന്ന് കണ്ടെടുത്തു.

 
                                    
