ഇന്ന് പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന ചടങ്ങുകൾ അല്ല വിവാഹങ്ങൾ. പലപ്പോഴും സർഗാത്മകതയും സാങ്കേതികതയും ഒക്കെ സമ്മേളിക്കുന്ന വേദികൾ കൂടിയാണ്. (Today, weddings are not just ceremonies that emphasize traditions and customs. They are also often venues where creativity and technology come together.) ആകാശ ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോൺ ഫോട്ടോഗ്രാഫർമാരും എൽഇഡി-ലൈറ്റ് ഡാൻസ് ഫ്ലോറുകളും ഉൾപ്പടെ വിവാഹത്തിൻറെ സമസ്ത മേഖലകളിലും ഇന്ന് സാങ്കേതികവിദ്യ സ്ഥാനം പിടിച്ചിട്ടുണ്ട്.
പലപ്പോഴും ഇത്തരം കാര്യങ്ങൾ തിരിച്ചടി ആകാറുമുണ്ട്. കഴിഞ്ഞദിവസം വിവാഹാഘോഷങ്ങൾക്കിടയിൽ കളർ ബലൂൺ പൊട്ടിത്തെറിച്ച് വധുവിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു. അതുപോലെ, ഒരു വിവാഹത്തിനിടെ സംഭവിച്ച ഒരബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞദിവസം വൈറലായ ഈ വീഡിയോയിൽ വധൂവരന്മാർക്ക് പരസ്പരം കൈമാറുന്നതിനുള്ള മാല ഇരുവരെയും ഏൽപ്പിക്കുന്നതിനായി സജ്ജീകരിച്ചിരുന്നത് ഒരു ഡ്രോണിനെയാണ്.
ഇന്ത്യൻ വിവാഹാഘോഷ ചടങ്ങുകൾക്കിടയിലെ പ്രധാനപ്പെട്ട ഒന്നാണ് വധൂവരന്മാർ പരസ്പരം മാലയണിയിക്കുന്ന വരമാലച്ചടങ്ങ്. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ ഇവിടെയാ ചടങ്ങ് കാണികളുടെ പരിഹാസച്ചിരികൾക്കാണ് വേദിയായത്. വരനെ മാല ഏൽപ്പിക്കുന്നതിനായി സജ്ജീകരിച്ചിരുന്ന ഡ്രോണിനുണ്ടായ സാങ്കേതിക പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഡ്രോൺ കൊണ്ടുവരുന്ന മാല വാങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തുനിൽക്കുന്ന വരനെയാണ് തുടക്കത്തിൽ കാണാനാവുക. വരന്റെ അരികിൽ എത്തുന്നതും ഡ്രോൺ അവിടെനിന്ന് മാല വരനെ ഏൽപ്പിക്കുന്ന വിധത്തിലും ആയിരുന്നു കാര്യങ്ങൾ സജ്ജീകരിച്ചിരുന്നത്.
പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ കാര്യങ്ങൾ കൈവിട്ടു പോയി. വരന് അരികിലെത്തിയിട്ടും യാതൊരു മൈൻഡും ഇല്ലാതെ ഡ്രോൺ വീണ്ടും മുന്നോട്ട് നീങ്ങി. സംഗതി കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ വരൻ മാല വേഗത്തിൽ ചാടിപ്പിടിച്ചു. അതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ തകർന്നു വീണു. ഈ കാഴ്ച കണ്ട് അതിഥികൾ ചിരിക്കുന്നതും വരൻ ദേഷ്യത്തോടെ ഡ്രോൺ ഓപ്പറേറ്ററെ നോക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.