ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുപിഐ സേവനങ്ങള്‍ക്ക് രാജ്യത്തുടനീളം വീണ്ടും തടസം നേരിട്ടു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഇടപാടുകളാണ് നിലച്ചത്. പേയ്മെന്റുകള്‍ക്കായി പതിവായി യുപിഐ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് തകരാറുകള്‍ ചൂണ്ടിക്കാട്ടിയത്. യുപിഐ സേവനങ്ങളില്‍ തടസം നേരിട്ടത് ഗൂഗിളിലും ട്രെന്‍ഡിങ്ങായി. കഴിഞ്ഞ 4 മണിക്കൂറിനിടെ 20,000 ത്തിലധികം പേരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത്.
ഓണ്‍ലൈന്‍ സേവന പ്രശ്നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്നു രാവിലെ 11.30 നാണ് യുപിഐ ഇടപാടുകളില്‍ തടസം നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നത്. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെ ഡിജിറ്റല്‍ പേയ്മെന്റുകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. 76 ശതമാനം ഉപയോക്താക്കള്‍ പേയ്മെന്റുകള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും 23 ശതമാനം പേര്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു.
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലെ (യുപിഐ) തടസം ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ ബാധിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.