ന്യൂഡൽഹി : ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ–-കൂട്ടക്കൊലപാതക കേസിൽ കുറ്റവാളികളുമായി ഒത്തുകളിച്ചെന്ന് സുപ്രീംകോടതി ഗുരുതര വിമർശം നടത്തിയിട്ടും പ്രതികരണമില്ലാതെ ഗുജറാത്തിലെ ബിജെപി സർക്കാരും കേന്ദ്രവും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നിയമ മന്ത്രി ഋഷികേശ് പട്ടേലും മൗനത്തിലാണ്. സ്‌ത്രീ സംരക്ഷണത്തിന് ഗ്യാരന്റി പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുറ്റക്കാരെ വിട്ടയക്കാൻ അനുമതി നൽകിയ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിമർശനങ്ങൾ കേട്ട ഭാവമില്ല.
തുടക്കംമുതൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന പൊലീസ് പക്ഷപാതപരമായാണ് കേസ് അന്വേഷിച്ചതെന്ന് പരോക്ഷമായി പരാമർശിക്കുന്നു.
പൊലീസിന്റെ എഫ്‌ഐആറും അന്വേഷണവുമെല്ലാം കുറ്റക്കാരെ സംരക്ഷിക്കും വിധമായിരുന്നു. ഇതോടെ വിചാരണക്കോടതി തുടക്കത്തിൽത്തന്നെ കേസ് തള്ളി. ബിൽക്കിസ് ബാനു പിന്നീട് സുപ്രീംകോടതിയെ സമീപിച്ച് സിബിഐ അന്വേഷണ ഉത്തരവ് നേടി. വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റുന്നതിനുള്ള അനുമതിയും സമ്പാദിച്ചു. ഈ ഘട്ടങ്ങളിലെല്ലാം മോദിയാണ് ഗുജറാത്ത് മുഖ്യമന്ത്രി.
മുംബൈ സിബിഐ കോടതി 2008ലാണ് 11 പ്രതികളെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഇത് പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. ഗുജറാത്ത് പൊലീസിന്റെ പക്ഷപാതപരമായ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിസ് ബി വി നാഗരത്‌നയുടെ തിങ്കളാഴ്‌ചത്തെ വിധിയിൽ ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്.
സിബിഐ അന്വേഷണത്തിനും വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റുന്നതിനും മൂന്നുവട്ടം സുപ്രീംകോടതി നടത്തിയ ഇടപെടലും ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് സർക്കാർ കുറ്റക്കാർക്കായി പ്രവർത്തിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണിതെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കുന്നു. അക്കാലത്ത് ഗുജറാത്ത് ഭരിച്ച മോദിയുടെ മുഖത്തേറ്റ അടിയാണ് സുപ്രീംകോടതി പരാമർശങ്ങൾ.