മുംബൈ: മഹാരാഷ്ട്ര ( Maharashtra) സോലാപൂരില്‍ 14 കാരന്‍ മകനെ വിഷം കൊടുത്തു കൊന്ന് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. സോലാപൂര്‍ നഗരത്തില്‍ താമസിക്കുന്ന തയ്യല്‍ക്കടകാരന്‍ വിജയ് ബട്ടു എന്നയാളാണ് മകന്‍ വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ആശ്ലീല സിനിമകള്‍ക്ക് അടിമയായ മകനെതിരെ സ്‌കൂളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് വിജയ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവ വിവരം മറച്ചുവച്ച വിജയിയെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 13 നാണ് വിജയും ഭാര്യയും മകന്‍ വിശാലിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഇവരുടെ വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ്, അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സോഡിയം നൈട്രേറ്റ് ഉള്ളില്‍ ചെന്നാണ് വിശാല്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി വിജയുടെ കുടുംബക്കാരെയും അയല്‍വാസികളെയും പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ വിജയ് നല്‍കിയ വിവരങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അയാളും സംശയ നിഴലിലായി.
സമ്മര്‍ദ്ദം രൂക്ഷമായതോടെ ജനുവരി 28ന് മകനെ കൊലപ്പെടുത്തിയത് താനാണെന്ന വിവരം വിജയ് ഭാര്യ കീര്‍ത്തിയോട് പറഞ്ഞു. അശ്ലീല സിനിമകളോടുള്ള വിശാലിന്റെ ആസക്തിയില്‍ പ്രകോപിതനായാണ് കൊല നടത്തിയതെന്നാണ് വിജയ് ഭാര്യയോട് പറഞ്ഞത്. വിശാല്‍ സ്‌കൂളില്‍ മറ്റ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചെന്നും മകന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിജയ് പറഞ്ഞു. ജനുവരി 13ന് രാവിലെയാണ് സോഡിയം നൈട്രേറ്റ് കലര്‍ത്തിയ ശീതള പാനീയം നല്‍കി മകനെ കൊന്നത്. വിശാല്‍ അബോധാവസ്ഥയിലായപ്പോള്‍ മൃതദേഹം വീടിന് സമീപത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്നും വിജയ് ഭാര്യയോട് പറഞ്ഞു. ഈ വിവരം ഭാര്യ കീര്‍ത്തി പൊലീസില്‍ അറിയിച്ചതോടെ ജനുവരി 29ന് പൊലീസ് വിജയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.