മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധദമ്പതികള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ആടുവളർത്തലിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തിയ ദമ്പതികള്‍ കാഡ്വി അണക്കെട്ടിന് സമീപം പുല്ലുമേഞ്ഞ ഒരു ഷെഡിലായിരുന്നു താമസിച്ചിരുന്നത്.
ഉറങ്ങിക്കിടക്കുന്ന സമയത്ത് ഒരു പുള്ളിപ്പുലി ഇരുവരേയും ആക്രമിക്കുകയും വീട്ടിൽ നിന്ന് വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ശനിയാഴ്ച അർദ്ധരാത്രിയിൽ ആണ് സംഭവം. 75 വയസ്സുകാരനായ നിനോ കങ്ക്, 70 വയസ്സുകാരിയായ രുക്മിണിബായി കങ്ക് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാഡ്വി അണക്കെട്ടിന് സമീപത്തേക്ക് കൊണ്ടുപോയാണ് ഇവരെ ആക്രമിച്ചത്.
ഇരുവരെയും ക്രൂരമായി ഉപദ്രവിക്കുകയും നിനോ കങ്കിനെ അണക്കെട്ടിലെ വെള്ളത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. പാതി തിന്ന നിലയിലും അംഗഭംഗം വന്ന നിലയിലുമായിരുന്നു ഇരുവരുടേയും മൃതദേഹം കിടന്നത്. രാവിലെയാണ് സംഭവം പരിസരവാസികള്‍ കണ്ടത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉജ്വല മഗ്ദിന്റേയും, പോലീസ് ഇൻസ്പെക്ടർ വിജയ് ഘെർഡെയുടേയും നേതൃത്വത്തിലുള്ള സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി മാൽകാപ്പൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റി.