മുംബൈ (Mumbai) : മുംബൈയിലെ മലഡിലാണ് സംഭവം. വിദ്യാർഥിയുടെ കൈ കയ്യക്ഷരം മോശമായതിന് മെഴുകുതിരി കൊണ്ട് പൊള്ളിച്ച് അധ്യാപിക. ട്യൂഷൻ ടീച്ചറാണ് എട്ടുവയസുകാരനായ കുട്ടിയുടെ കൈ മെഴുകുതിരി പൊള്ളിച്ചത്. ജൂലൈ 28നാണ് സംഭവം നടക്കുന്നത്. രാജശ്രീ റാത്തോർ എന്ന യുവതിയുടെ ട്യൂഷൻ ക്ലാസിൽ വച്ചായിരുന്നു സംഭവം. ദിവസവും വൈകിട്ട് ഏഴ് മണി മുതൽ ഒൻപത് മണി വരെയാണ് വിദ്യാർഥി ഇവിടെ ട്യൂഷന് വന്നുകൊണ്ടിരുന്നത്.
രാത്രി ഒൻപത് മണിയായപ്പോൾ കുട്ടി നിർത്താതെ കരയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അധ്യാപിക കുട്ടിയുടെ അച്ഛനെ വിളിച്ചുവരുത്തിയത്. വീട്ടിലേക്ക് തിരിച്ചുപോകവേയാണ് അധ്യാപിക കൈ പൊള്ളിച്ചതിനെ പറ്റി മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി തൻ്റെ അച്ഛനോട് പറഞ്ഞത്. കയ്യക്ഷരം മോശമായതുകൊണ്ടാണ് അധ്യാപിക ഇങ്ങനെ ചെയ്തതെന്നും കുട്ടി പിതാവിനോട് പറഞ്ഞു.
വിവരമറിഞ്ഞ ഉടൻ തന്നെ അച്ഛൻ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അച്ഛൻറെ പരാതിയിൽ രാജശ്രീക്കെതിരെ പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.