ഹൈദരാബാദ് (Hyderabad) : അടുത്ത ആഴ്ചമുതൽ ആന്ധ്രാപ്രദേശിൽ പുതിയ മദ്യനയം പ്രാബല്യത്തിലാവും.ഒരു കുപ്പി മദ്യത്തിന് വെറും 99 രൂപയാണ് ഇതോടെ ഈടാക്കുക. വില കുറച്ചാണെങ്കിലും പുതിയ മദ്യനയത്തിലൂടെ കൂടുതൽ വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. മദ്യനയത്തിലൂടെ 5,500 കോടിരൂപയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
സാധാരണക്കാർ വ്യാജമദ്യത്തിന് പിറകേ പോയി വൻദുരന്തങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് തടയാനാണ് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വിൽക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് മുന്തിയ ഇനങ്ങൾ ഉൾപ്പെടെ കൂടുതൽ ബ്രാൻഡുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. സ്വകാര്യ ചില്ലറ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,736 റീട്ടെയിൽ മദ്യഷോപ്പുകൾ സ്വകാര്യവത്കരിക്കുകയും ചെയ്യും. ലൈസൻസ് ഇനത്തിൽ തന്നെ ഇതോടെ ലക്ഷങ്ങളാണ് ഖജനാവിലെത്തുന്നത്.
അതേസമയം കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റിലാണ് പുറക്കിറക്കിയത്. നിലവിൽ തുടരുന്ന ഡ്രൈ ഡേ ഒന്നാം തീയതി തന്നെ നിലനിർത്തി ഐടി കേന്ദ്രങ്ങളിൽ മദ്യശാല അനുമതി നൽകാനും തീരുമാനമായി എന്നാൽ ബാറുകളുടെ സമയം നീട്ടുന്നതിൽ നിന്ന് സർക്കാർ പിന്നാക്കം പോയി.