മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 8 തവണയും കേരള സംസ്ഥാന പുരസ്കാരം 25 തവണയും നേടിയിട്ടുള്ള ഗാനഗന്ധർവൻ കെ ജെ യേശുദാസിന് വെല്ലുവിളി ഉയര്‍ത്തിയ ഗാനം ഏതെന്ന് അറിയാമോ? താൻസൻ എന്ന ഹിന്ദി ചിത്രത്തിലെ ‘ഷഡജ്നെ പായ…’ എന്ന ഹിന്ദി ഗാനമാണതെന്ന് യേശുദാസ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയിട്ടില്ല. കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ സിനിമയ്ക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചതും യേശുദാസിനെ അമ്പരിപ്പിച്ചു.
വിവിധ രാഗങ്ങളിൽ രവീന്ദ്ര ജെയിൻ ഒരുക്കിയ ഗാനമാണ് ഷഡജ്നെ പായ. അത്രത്തോളം വെല്ലുവിളി ഉയർത്തിയ മറ്റൊരു ഗാനവുമില്ലെന്ന് യേശുദാസ് പറയുന്നു. ചിട്ടപ്പെടുത്തിയതിന് പുറമെ പാട്ടെഴുതിയതും രവീന്ദ്ര ജെയിനാണ്. ആ പാട്ട് പഠിക്കാനും റിഹേഴ്സലിനുമായി 5-6 ദിവസമാണെടുത്തത്. 13 മിനിറ്റ് ദൈർഘ്യമുള്ള പാട്ട് പണ്ട് ദിവസമെടുത്താണ് റെക്കോർഡ് ചെയ്തത്. അതിനുശേഷം പനിപിടിച്ച് കിടപ്പായ കാര്യവും യേശുദാസ് പറയുന്നു. അക്ബറിന്റെ സദസിലെ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീതത്തിലെ സാമ്രാട്ടുമായ താൻസന്റെ ജീവിതം ആസ്പദമാക്കി എൺപതുകളിൽ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് താൻസൻ.
ആ സിനിമ ഇറങ്ങാതെ പോയത് വലിയ നിരാശയാണ് യേശുദാസിന് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം തന്നോട് ആദ്യം ചോദിച്ചതും താൻസന് എന്തു സംഭവിച്ചുവെന്നായിരുന്നുവെന്ന് മലയാള മനോരമയോട് യേശുദാസ് പറയുന്നു. താൻസന്റെ ജീവിത കഥ പറഞ്ഞ വേറെയും ചിത്രങ്ങൾ ഹിന്ദിയിൽ പുറത്തിറങ്ങിയിരുന്നു. 1943ല്‍ പുറത്തിറങ്ങിയ താൻസനിൽ കെ എൽ സൈഗാളാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 1962ൽ പുറത്തിറങ്ങിയ സംഗീത് സാമ്രാട്ട് താൻസൻ എന്ന സിനിമയിലാകട്ടെ ഭരത് ഭൂഷണാണ് താൻസാനായി എത്തിയത്.