ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സിപിഐ പ്രകടനപത്രിക. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തി ദിനം 200 ഉം കുറഞ്ഞ വേതനം 700 ഉം ആക്കുമെന്നും അഗ്‌നിപഥ് ഒഴിവാക്കുമെന്നും സിപിഐയുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നു. ഓള്‍ഡ് പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ പാര്‍ലമെന്റിന്റെ കീഴില്‍ ആക്കും. ഗവര്‍ണര്‍ പദവി ഇല്ലാതാക്കും. ഡല്‍ഹി, പുതുച്ചേരി, ജമ്മു കാശ്മീര്‍ എന്നിവര്‍ക്ക് സംസ്ഥാന പദവി നല്‍കും. കാശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം സംരക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന രീതി മാറ്റും. നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മീഷന്‍ പുനഃസ്ഥാപിക്കും. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരും. മെയ് ഒന്ന് ശമ്പളത്തോട് കൂടിയ അവധിയാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അധാര്‍ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും. പി എം കെയര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തും.
മിനിമം താങ്ങുവിലയടക്കം കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. തൊഴില്‍ മൗലിക അവകാശമാക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തും. നഗര തൊഴിലുറപ്പ് പദ്ധതിക്കായി നിയമ നിര്‍മ്മാണം നടത്തും. മൗലാന ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം. പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും. യുഎപിഎ റദ്ദാക്കും.തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ക്ക് സിപിഐ നല്‍കുന്നത്.