ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഗ്യാസ് സിലിന്‍ഡറിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
19 കിലോ സിലിന്‍ഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. കേരളത്തില്‍ 17 രൂപയുടെ വര്‍ധനവുണ്ടാകും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.
ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിന്‍ഡറിന്റെ വില 1,827 ആയി. വാണിജ്യ സിലിന്‍ഡര്‍ വില വര്‍ധിപ്പിച്ചതോടെ ഹോട്ടലില്‍ അടക്കം വില വര്‍ധനയുണ്ടാകും. ഇത് സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും.
അഞ്ച് മാസത്തിനിടെ ഗ്യാസ് സിലിന്‍ഡറിന്റെ വിലയില്‍ 173.5 രൂപയാണ് വര്‍ധനവുണ്ടായത്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല എന്നത് തല്‍ക്കാലം ആശ്വാസകരമാണ്. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ 1980.5 രൂപയായി വില വര്‍ധിച്ചിട്ടുണ്ട്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വില കൂടിയതോടെ ഹോട്ടലുകാര്‍ ഭക്ഷണ സാധനങ്ങള്‍ക്കുള്ള വിലയും കൂട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനയുടെ പേരു പറഞ്ഞ് ചില ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നുവെന്ന് ഇപ്പോള്‍ തന്നെ പരാതിയുണ്ട്.