500 രൂപ നോട്ട് നിരോധിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അഴിമതി തുടച്ചുനീക്കാനുളള ഉപായമായാണ് 500 രൂപ നോട്ട് നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തുന്നത്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ രാജ്യത്ത് പിന്‍വലിക്കണം. 100, 200 രൂപാ നോട്ടുകള്‍ മതിയെന്നാണ് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുംമുമ്പ് രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. 500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ചശേഷം 2,000ന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചു. പിന്നാലെ പുതിയ സീരീസ് 500 രൂപ നോട്ടും പുറത്തിറക്കി. എന്നാല്‍, 2,000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് അവസാനിപ്പിച്ച റിസര്‍വ് ബാങ്ക് 2023 മേയ് 19ന് അവയും വിപണിയില്‍ നിന്ന് പന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.