മുംബൈ (Mumbai) : വ്യവസായിയിൽ നിന്ന് 60 കോടി രൂപ ബിസിനസ് വിപൂലീകരണത്തിന്റെ പേരിൽ വാങ്ങി തിരികെ നൽകാതെ വഞ്ചിച്ച കേസിൽ നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. (A case has been filed against actress Shilpa Shetty and her husband Raj Kundra for allegedly defrauding a businessman by taking Rs 60 crore in the name of business expansion and not returning it.)
വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം താര ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ നിക്ഷേപ ഇടപാടാണ് കേസിന് കാരണമായത്.
2015-2016 കാലഘട്ടത്തിൽ ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ ദമ്പതികൾക്ക് നൽകിയത്. 2015 ൽ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് ഷെട്ടി-കുന്ദ്രയുമായി താൻ ബന്ധപ്പെട്ടതെന്ന് കോത്താരി പറയുന്നു. ആ സമയത്ത്, ദമ്പതികൾ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവിയുടെ ഡയറക്ടർമാരായിരുന്നു. അന്ന് കമ്പനിയിൽ 87% ഓഹരികൾ ശിൽപ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു. ബിസിനസ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയിൽ കോത്താരി 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി രൂപ കൈമാറിയത്. 2016 മാർച്ചിൽ 28.54 കോടി രൂപ കൂടി കൈമാറി.
എന്നാൽ മാസങ്ങൾക്ക് ശേഷം, സെപ്റ്റംബറിൽ, ശിൽപ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു. താമസിയാതെ, കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയർന്നുവന്നു. ഇതോടെ താൻ നിക്ഷേപിച്ച പണത്തിനായി കോത്താരി താര ദമ്പതികളെ ബന്ധപ്പെട്ടെങ്കിലും ഇവർ പണം തിരികെ നൽകിയില്ല.
ബിസിനസ് ആവശ്യങ്ങൾക്കായി കൈപ്പറ്റിയ പണം ദമ്പതികൾ വ്യക്തിപരമായ ചെലവുകൾക്കായി ഉപയോഗിച്ചുവെന്നും കോത്താരി തന്റെ പരാതിയിൽ ആരോപിക്കുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ ജുഹു പൊലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ 10 കോടി രൂപയ്ക്കു മുകളിലുള്ള കേസ് ആയതിനാൽ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.