മാമ്പഴത്തിന്റെ സീസൺ ആരംഭിച്ചു. മാമ്പഴത്തിന്റെ സ്വാദ് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവാണ്. നാട്ടില്‍ സുലഭമായി കിട്ടുന്ന മാമ്പഴം ഒരു കിലോ വിറ്റാല്‍ കൈയില്‍ കിട്ടുക മൂന്ന് ലക്ഷം രൂപ! ഞെട്ടണ്ട, നമ്മുടെ രാജ്യത്ത് തന്നെ നിലവിലുള്ള വിലയുടെ കാര്യമാണ് പറയുന്നത്. മൂന്ന് ലക്ഷം രൂപയുടെ മാമ്പഴമോ അത് എവിടെയാണ് കിട്ടുകയെന്നാണ് ആലോചിക്കുന്നതെങ്കില്‍ കര്‍ണാടകയിലെ ഉടുപ്പി വരെ പോകേണ്ടി വരും.
ഉടുപ്പി ശങ്കര്‍പ്പൂര്‍ സ്വദേശിയായ ജോസഫ് ലിയോ ആണ് മാമ്പഴം വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. വീടുകളില്‍ പോലും കിട്ടുന്ന ഈ സാധനത്തിന് എങ്ങനെ ലക്ഷങ്ങള്‍ കിട്ടുമെന്നാണ് ആശ്ചര്യപ്പെടുന്നതെങ്കില്‍ ജോസഫ് വില്‍ക്കുന്നത് സ്‌പെഷ്യല്‍ മിയാസാക്കി മാമ്പഴമാണ്. ജാപ്പനീസ് മാമ്പഴം എന്നും ഇത് അറിയപ്പെടും. തന്റെ വീടിന്റെ ടെറസിലാണ് ജോസഫിന്റെ മാമ്പഴ കൃഷി. ഒരു മാമ്പഴത്തിന് തന്നെ പതിനായിരം രൂപയാണ് വില വരുന്നത്.
കഴിഞ്ഞ വര്‍ഷവും മിയാസാക്കി മാമ്പഴം വിളവെടുക്കാന്‍ ജോസഫ് ശ്രമിച്ചെങ്കിലും അത് നടന്നില്ല. പ്രതികൂലമായ കാലാവസ്ഥയാണ് വില്ലനായത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ജോസഫ് വീണ്ടും ശ്രമിച്ചു. അതിന്റെ ഫലവും കിട്ടി. മാമ്പഴം മാത്രമല്ല മറ്റ് പല ഇനം കൃഷിയും ജോസഫ് നടത്തുന്നുണ്ട്. ജാവ പ്ലം, ബ്രസീലിയന്‍ ചെറി, നാരങ്ങ, പല ഇനത്തിലുള്ള മാങ്ങ, ഔഷധ സസ്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി പലതും ജോസറ് തന്റെ ടെറസില്‍ കൃഷി ചെയ്യുന്നുണ്ട്.
മിയാസാക്കി മാമ്പഴം വളരെ രുചിയുള്ളതും ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ സമ്മാനിക്കുന്നതുമാണ് എന്നതാണ് സവിശേഷത. ജപ്പാനിലെ മിയാസാക്കി നഗരത്തിലാണ് ആദ്യം കൃഷി ചെയ്തത്. അങ്ങനെയാണ് മിയാസാക്കി മാമ്പഴം എന്ന് പേരു വന്നത്. ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയുന്നു. ഒരു മാമ്പഴത്തിന് 250 ഗ്രാം മുതല്‍ തൂക്കം ഉണ്ടായിരിക്കും.