ബംഗളുരു (Bangalure) : അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. (Brothers meet tragic end after speeding bike hits electric post) നീലസാന്ദ്ര സ്വദേശികളായ ശൈഖ് അസ്ലം ബഷീർ (24), ശൈഖ് ശക്കീൽ ബഷീർ (23) എന്നിവരാണ് മരിച്ചത്.
പുലർച്ചെ 4.30 ഓടെയാണ് അപകടം സംഭവിച്ചതെന്ന് ബംഗളുരു വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനിത ഹദ്ദന്നവർ പറഞ്ഞു. ഹോട്ടൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് കടമായി വാങ്ങിയ ബൈക്കിലായിരുന്നു യാത്ര. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇവരുടെ ഹോട്ടലിലേക്ക് പോകുന്നതിനിടെ ഇടയ്ക്ക് വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി.
ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. അശോക് നഗർ പൊലീസ് അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.