കൊൽക്കത്ത (Kolkatha): പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയോട് കാമുകൻ പ്രതികാരം ചെയ്ത രീതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. (The way a lover took revenge on a young woman who backed out of their relationship is going viral on social media.) മൂന്നൂറ് ക്യാഷ് ഓൺ ഡെലിവറികളാണ് യുവതിയുടെ വിലാസത്തിലേക്ക് യുവാവ് അയച്ചത്. പശ്ചിമ ബംഗാളിലാണ് ഈ കൗതുകമുണർത്തുന്ന സംഭവം നടന്നത്. ബാങ്ക് ജീവനക്കാരിയായ യുവതിയുടെ വീട്ടിലേക്കാണ് സാധനങ്ങളുമായി ഡെലിവറിക്കാർ എത്തിയത്. യുവതി പൊലീസിൽ പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റ് ചെയ്തു.
നാല് മാസത്തെ കാലയളവിലാണ് ഇത്രയധികം ക്യാഷ് ഓൺ ഡെലിവറി യുവതിയുടെ വീട്ടിൽ എത്തിയത്. ഇതേ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. യുവതിയുടെ സഹപ്രവർത്തകരാകാം ഓൺലൈൻ ഓർഡർ ചെയ്തതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് ആൺ സുഹൃത്താണ് ഇതിന് പിന്നിലെന്ന് മനസിലായത്.
നാദിയ സ്വദേശിയായ സുമനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിലുള്ള ബന്ധം അവസാനിച്ചു. ഇതോടെ യുവതിയെ ബുദ്ധിമുട്ടിക്കണം എന്ന ചിന്തയിലേക്ക് സുമൻ എത്തി. അങ്ങനെയാണ് ക്യാഷ് ഓൺ ഡെലിവറി ഓർഡർ ചെയ്യാൻ തീരുമാനിച്ചത്. ഓൺലൈൻ ഷോപ്പിംഗ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് യുവതി.
പലപ്പോഴും സമ്മാനങ്ങൾ വാങ്ങിത്തരാൻ സുമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി സുമനില്ലായിരുന്നു. ഇതേ തുടർന്നായിരിക്കാം യുവതി പ്രണയത്തിൽ നിന്നും പിന്മാറിയതെന്നാണ് സുമൻ കരുതിയത്. ഇതോടെ ഓൺലൈൻ ഓർഡർ ചെയ്ത് കഷ്ടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ, ബാഗുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെയുള്ള സാധനങ്ങളാണ് യുവാവ് അഞ്ജാത നമ്പറുകളിൽ നിന്ന് ഓർഡർ ചെയ്തത്.