ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ശ്രദ്ധനേടിയ പെൺകുട്ടി മോണാലിസ ഭോൺസ്‌ലെ കോഴിക്കോട് എത്തുന്നു. (Monalisa Bhonsle, the girl who grabbed attention during the Mahakumbh Mela in Uttar Pradesh’s Prayagraj, arrives in Kozhikode.) ബോബി ചെമ്മണ്ണൂരിനൊപ്പം ഫെബ്രുവരി 14ന് കോഴിക്കോട് എത്തുമെന്ന് പെൺകുട്ടി പറയുന്ന വിഡിയോ ബോബി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ബോബി ചെമ്മണൂരിന്റെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായാണ് പെൺകുട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
15 ലക്ഷം രൂപയ്ക്കാണ് മോണാലിസ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായി എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരവും മൊണാലിസയെ തേടിയെത്തിയിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പുർ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പെൺകുട്ടി നായികയായി എത്തുന്നത്. ഫെബ്രുവരി 12ന് ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം താത്കാലികമായി നീട്ടിവച്ചു. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറിൽ മോണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോർട്ടുകൾ.
സിനിമയ്ക്കൊപ്പം തന്നെ മോഡലിങ് രംഗത്തും സജീവമാവുകയാണ് മോണാലിസ. ‘മഹാകുംഭമേളയിൽ മാലകൾ വിൽക്കാനാണ് എത്തിയത്. പക്ഷേ, ഭഗവാൻ ശിവന്റെയും സന്യാസിമാരുടെയും അനുഗ്രഹത്താൽ ഞാൻ ശ്രദ്ധിക്കപ്പെട്ടു. നിങ്ങൾ എല്ലാവരോടും നന്ദിയുണ്ട്.’– മൊണാലിസ പറഞ്ഞു
ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോർ സ്വദേശിയായ പെൺകുട്ടിയെ പ്രശസ്തയാക്കിയത്. മാധ്യമങ്ങളിൽ ശ്രദ്ധനേടിയതിനു പിന്നാലെ പെൺകുട്ടിയെ കാണുന്നതിനും വിഡിയോയും ചിത്രങ്ങളും പകർത്തുന്നതിനും നിരവധിപേർ കുംഭമേള നടക്കുന്നയിടത്ത് എത്തി. തുടർന്ന് പെൺകുട്ടി മധ്യപ്രദേശിലെ വീട്ടിലേക്കു മടങ്ങിയിരുന്നു.