കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെ പ്രതിരോധത്തിലാക്കാന്‍ ലൈംഗിക പീഡന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ നിയമോപദേശം തേടി പൊലീസ്. രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയാണ് ഗവര്‍ണ്ണര്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരിയുടെ പ്രതികാരം തീര്‍ക്കുന്നു എന്നാണ് വിഷയത്തില്‍ രാജ്ഭവന്‍ നല്‍കുന്നു വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനായിരുന്നു ഗവര്‍ണര്‍ താക്കീത് നല്‍കിയതെന്നും രാജ്ഭവന്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന് മുന്നോടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ശക്തമായ നടപടികളാണ് രാജ്ഭവന്‍ സ്വീകരിച്ചത്. പോലീസിനും ആരോപണം ഉന്നയിച്ച തൃണമൂല്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും രാജ്ഭവനിലേക്കുളള പ്രവേശനം നിഷേധിച്ചു.