അയോധ്യയിൽ ബാബ്‌റിപ്പള്ളി പൊളിച്ചിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്‌ഠാ ചടങ്ങുകളുടെയും പൂജകളുടെയും മുഖ്യയജമാനസ്ഥാനത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവാങ്ങിയതായി റിപ്പോർട്ട്. അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങുകൾ ആചാരങ്ങൾ പാലിക്കാതെയാണെന്ന് ശങ്കരാചാര്യമാർ അടക്കം രൂക്ഷ
വിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് മോദിയുടെ പിൻവാങ്ങൽ. പ്രതിഷ്‌ഠാ ചടങ്ങുകളുടെ മുഖ്യയജമാനൻ വേദവിധികൾ പ്രകാരം ഗൃഹസ്ഥനായിരിക്കണം. ഭാര്യാസമേതമാകണം ചടങ്ങുകളിൽ പങ്കെടുക്കേണ്ടത്. മോദിയുടെ പിൻവാങ്ങലിന് ഇതും കാരണമായതായാണ് വിവരം.
യുപിയിൽനിന്നുള്ള ആർഎസ്‌എസ് നേതാവും രാമക്ഷേത്ര ട്രസ്റ്റ് അംഗവും ഹോമിയോ ഡോക്ടറുമായ അനിൽ കുമാർ മിശ്രയാകും മോദിക്ക് പകരമായി മുഖ്യയജമാനൻ ആകുക. വിശിഷ്ടാതിഥി ആയാണ് മോദി 22ന്റെ പ്രാണ പ്രതിഷ്‌ഠാചടങ്ങിൽ പങ്കെടുക്കുകയെന്ന് രാമക്ഷേത്രം ട്രസ്റ്റ് കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. മോദിക്കൊപ്പം യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ആദിത്യനാഥ്, ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് എന്നിവരും അതിഥികളായി പ്രതിഷ്‌ഠാ സമയത്ത് ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും.
മുഖ്യയജമാനൻ ഏഴു ദിവസത്തെ അനുഷ്‌ഠാനങ്ങളിലും പങ്കെടുക്കണമെന്നത് നിർബന്ധമാണ്. ഇതും മോദി മുഖ്യയജമാനനാകുന്നതിന് തടസ്സമായി.
പ്രാണ പ്രതിഷ്‌ഠാചടങ്ങിൽ മോദിയാണ് മുഖ്യയജമാനനെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ടു ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി 11 ദിവസത്തെ പ്രത്യേക അനുഷ്‌ഠാനങ്ങൾ മോദി പാലിച്ചുതുടങ്ങിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെയാണ് ശങ്കരാചാര്യമാർ പ്രതിഷ്‌ഠാ ചടങ്ങുകൾ ആചാരങ്ങൾ ലംഘിച്ചാണെന്ന വിമർശവുമായി രംഗത്തുവന്നത്. ആത്‌മീയമായ ചടങ്ങിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നതിനെയും ശങ്കരാചാര്യന്മാർ എതിർത്തു. ക്ഷേത്രനിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതിഷ്‌ഠ നടത്തുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന വിമർശം തുടക്കത്തിലേ ഉയർന്നിരുന്നു.