അയോധ്യ പ്രാണപ്രതിഷ്ഠ ഇന്ന് 12.20ന്, പ്രധാനമന്ത്രി മോദി ‘മുഖ്യ യജമാനൻ’

Written by Web Desk1

Published on:

അയോധ്യ : രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നു. ഇന്നു പുലർച്ചെ മുതൽ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്.സ്പീക്കറുകളിലൂടെ രാമസങ്കീർത്തനം മുഴങ്ങുന്നു. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിൽ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും ഇന്നു പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമാണ് പ്രവേശനം.

ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്രമോദി 10.25ന് അയോധ്യ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം 10.55ന് ക്ഷേത്രത്തിലെത്തും. 12.05 മുതൽ 12.55 വരെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾ. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും.

പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ട നിരയാണ് അയോധ്യയിലെത്തുക.

അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ ക്ഷേത്ര പര്യടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പൂർത്തിയാക്കിയിരുന്നു. ധനുഷ്കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തി. നേരത്തെ രാമസേതു നിർമ്മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അരിച്ചാൽ മുനയും മോദി സന്ദർശിച്ചിരുന്നു. ഇവിടെ വഴിപാടുകൾ നടത്തിയ മോദി, ലങ്കയിൽ നിന്ന് സീത വന്നിറങ്ങിയെന്ന് വിശ്വസിക്കുന്ന കടൽക്കരയിൽ ദശപുഷ്പാഭിഷേകം നടത്തിയ ശേഷമാണ് ദില്ലിക്ക് മടങ്ങിയത്.

മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് പ്രാണപ്രതിഷ്ഠ സമയത്ത് ശ്രീകോവിലിൽ ഉണ്ടാവുക എന്നാണ് ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. കാശിയിലെ പുരോഹിതൻ ലക്ഷ്മീ കാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നത്.

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു.

See also  കേന്ദ്ര സർക്കാരിനെതിരെ കേരളം...

Leave a Comment