വളർത്തമ്മ ആൺസുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തതിനെത്തുടർന്ന് എട്ടാം ക്ലാസ്സുകാരി ശ്വാസം മുട്ടിച്ചുകൊന്നു. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ പെൺകുട്ടിയെയും രണ്ട് ആൺ ആൺസുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയിൽ താമസക്കാരിയുമായ രാജലക്ഷ്മി കർ ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം പ്രായമുള്ളപ്പോൾ രാജലക്ഷ്മിയും ഭർത്താവും തെരുവിൽ നിന്ന് എടുത്തുവളർത്തിയ മകളാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ 13 വയസ്സുള്ള വളർത്തുമകൾ, ആൺസുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തുക്കളുമായുള്ള ബന്ധം തടഞ്ഞതാണ് ഇത്തരത്തിലുള്ള കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഏപ്രിൽ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഉറക്ക ഗുളിക കലക്കി കൊടുത്ത്, രാജലക്ഷമിയെ മയക്കിക്കിടത്തിയശേഷം മൂന്ന് പേരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
നേരത്തെ തന്നെ രാജലക്ഷ്മിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. തുടർന്ന് അന്നേദിവസം തന്നെ രാജലക്ഷ്മിയുടെ മൃതദേഹം സംസ്‌കരിക്കുകയുംചെയ്തു. എന്നാൽ ഇതിനു ശേഷം രാജലക്ഷ്മിയുടെ സഹോദരൻ പെൺകുട്ടിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോഴാണ് ആൺസുഹൃത്തുക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ഇതോടെ സഹോദരൻ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ പെൺകുട്ടി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. മക്കളിലാത്ത രാജലക്ഷമിയും ഭർത്താവും സ്വന്തം മകളെ പോലെയായിരുന്നു പെൺകുട്ടിയെ വളർത്തിയിരുന്നത്. ഒരുവർഷം മുമ്പ് രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. ഇതിനുശേഷം രാജലക്ഷ്മിയും വളർത്തുമകളും മാത്രമായിരുന്നു വീട്ടിൽ താമസം.
ഗണേഷ് റാതാണ് കൊലപാതകത്തിന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നക്. കൊല നടത്തിയാല്‍ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കള്‍ കൈവശമാക്കാമെന്നും ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. രാജലക്ഷ്മിയുടെ കുറച്ച് സ്വർണാഭരണങ്ങൾ പെൺകുട്ടി നേരത്തേതന്നെ ആൺ സുഹൃത്തിന് കൈമാറിയതായും പോലീസ് പറയുന്നു. ഇയാൾ ഇത് പണയംവച്ച് രണ്ടരലക്ഷത്തോളം രൂപ കൈക്കലാക്കുകയുംചെയ്തു. പിടിയിലായവരിൽ നിന്ന് 30 ഗ്രാം സ്വര്‍ണവും മൂന്ന് മൊബൈല്‍ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച തലയണയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.