തിരുവനന്തപുരം (Thriruvananthapuram) : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. (Amrita Express from Thiruvananthapuram to Madurai will operate from today to Rameswaram.) രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ, ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽനിന്നുള്ള ഏക തീവണ്ടിയായി അമൃത എക്സ്പ്രസ് മാറി.
തിരുവനന്തപുരത്തു നിന്നും രാത്രി 8.30-ന് പുറപ്പെടുന്ന ട്രെയിൻ (16343) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരം – തിരുവനന്തപുരം വണ്ടി ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിൽ നിലവിലുള്ള സമയക്രമം തുടരും.
12 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും മൂന്ന് എസി ത്രീ ടിയർ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ട്രെയിന് ഉള്ളത്. തിരുവനന്തപുരം-രാമേശ്വരം തീവണ്ടി രാവിലെ 9.50-ന് മധുരയിലും 10.25-ന് മാനാമധുരയിലും 10.50-ന് പരമകുടിയിലും 11.13-ന് രാമനാഥപുരത്തുമെത്തും. തിരിച്ചുള്ള ട്രെയിൻ 2.38-ന് പരമകുടിയിലും 3.05-ന് മാനാമധുരയിലും 4.05-ന് മധുരയിലുമെത്തും.