അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിയില്‍ ലോക്‌സഭയില്‍ പ്രതിഷേധവുമായി കക്ഷിഭേദമന്യേ എംപിമാര്‍. മാറിടത്തില്‍പിടിക്കുകയോ പൈജാമ ചരട് പൊട്ടിക്കുകയോ പോലുള്ള പ്രവൃത്തികള്‍ ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ലെന്നും അത് ലൈംഗികാതിക്രമത്തിന്റെ രീതിയില്‍ കാണാന്‍ കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ വിധിയില്‍ സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി ആവശ്യപ്പെട്ടു.
വിധിയില്‍ പൂര്‍ണ്ണമായും വിയോജിക്കുന്നൂവെന്നും മന്ത്രി പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പരാമര്‍ശങ്ങളല്ല കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വിധി സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ പറഞ്ഞു
രാജ്യസഭാ എംപി സ്വാതി മാലിവാള്‍ വിധിയെ ‘ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരമൊരു വിധി സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ചോദിച്ചു.
2021-ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത് ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ പവന്‍, ആകാശ് എന്നീ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് 11 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ആക്രമിച്ചതാണ് കേസ്.
പൊതുനിരത്തിലൂടെ അമ്മയോടൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും ധരിച്ചിരുന്ന പൈജാമയുടെ ചരട് കീറുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.